ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ 50 നോമ്പിന് തുടക്കം കുറിച്ച്കൊണ്ട് വിഭൂതി തിരുനാൾ ആചരിച്ചു. രാത്രി ഏഴിന് ആരംഭിച്ച തിരുക്കർമങ്ങൾക്ക് വികാരി റവ.ഫാ. കുര്യാക്കോസ് വടാന മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ. സോജൻ ഐക്കരകുന്നേൽ എംഎസ്ടി സഹകാർമികനായിരുന്നു.
ലത്തീൻ ആരാധന രീതിയനുസരിച്ച് ബുധനാഴ്ചയാണ് വിഭൂതി, എന്നാൽ പൗരസ്ത്യ സഭാ പാരമ്പര്യമനുസരിച്ച് തിങ്കളാഴ്ചയാണ് വിഭൂതിത്തിരുനാൾ ആചരിക്കുന്നതും നോമ്പ് തുടങ്ങുന്നതും. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചയിൽ വിശ്വാസികൾ കൈകളിലേന്തിയ കുരുത്തോലകൾ കത്തിച്ചാണ് വിഭൂതി തിരുന്നാളിനുള്ള ഭസ്മം തയാറാക്കുന്നത്.
നെറ്റിയിൽ അണിയുന്ന ചാരം വെറുമൊരു അടയാളമല്ല, "മനുഷ്യൻ വെറും പൊടിയാണെന്നും പൊടിയിലേക്കു' തന്നെ മടങ്ങുമെന്നുമുള്ള ഓർമപ്പെടുത്തലാണ്. വിദ്വേഷം വെടിഞ്ഞും വിനയത്തിന്റെയും അനുതാപത്തിന്റെയും മാർഗത്തിലൂടെ, ദൈവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അമ്പതു ദിവസത്തെ നോമ്പു കൊണ്ടുദേശിക്കുന്നത്.